ലോക്ക്ഡൗണ് കാലത്തെ പരീക്ഷണം തുടരുന്നു👍 ഇന്നലത്തേതാണേ
തിരക്കേറെയുള്ള ദിനമായിരുന്നു.
വീഡിയോ,എഴുത്തും ഫോണിംഗും, വീട്ട് കാര്യവും
ചായക്ക് എന്താ ഒന്ന് കടിക്കാനെന്ന് ആലോചിച്ചത് നാല് മണിക്ക്.
ഉള്ളിതണ്ട് ഉണ്ട്. ഒരു മംഗലാപുരം ബോണ്ട റസിപ്പി കണ്ടു. അതിന്റ ചുവട് പിടിക്കാന്നുറപ്പിച്ചു. ഉള്ളി തണ്ട് എന്റെ വക അധികകൂട്ട് ആയിക്കോട്ടേന്ന് കരുതി പറമ്പിലേക്ക്. അപ്പോഴാണ് നാടന് പച്ച ചീര കണ്ണിലുടക്കിയത്. പിന്നെ ഒട്ടും താമസിച്ചില്ല. മനസ്സില് തീരുമാനമായി. അരികത്തല്ല എന്നാ വിളിപ്പുറത്തുണ്ടായിരുന്ന കണവന്റെ സമ്മതവും കൂടിയായപ്പം പെരുത്ത് സന്തോഷായി. ചീരബോണ്ട ഉറപ്പിച്ചു.
ചീരയും ഉള്ളി തണ്ടും നല്ലവണ്ണം കഴുകി വെള്ളം വാലാന് വച്ചു. ഒരു കപ്പ് മൈദ, 1 tbsp. പുട്ട്പൊടി, 1/2 tsp., കുരുമുളക് പൊടി, ലേശം കായം , മഞ്ഞപ്പൊടി, ഉപ്പ്, 2 tbsp. തൈര് ഇവ ഒരു പാത്രത്തിലാക്കി. സവാള, ഇഞ്ചി, പച്ചമുളക്, ചീര, ഉള്ളി തണ്ട് നുറുക്കി മാവിലേക്കിട്ട് കുറെശ്ശെ വെള്ളം ചേര്ത്ത് കുഴഞ്ഞ പരുവത്തിലാക്കി വച്ചു. വെളിച്ചെണ്ണ ചുടാക്കി അതിലേക്ക് കൈ കൊണ്ട് നെല്ലിക്ക വലുപ്പത്തില് മാവ് ഇട്ടു കൊടുത്തു. തിരിച്ചും മറിച്ചും കൊടുത്ത് നന്നായി വറുത്ത് കോരി.
ചായയോടൊപ്പം അടിപൊളി നാല് മണി പലഹാരം. തൈരിന്റെ നേരിയ പുളിപ്പും വെണ്ണമയവും പുതു ചീരയുടെ രുചിയും സുഗന്ധവും പച്ചക്കറിനാരിന്റെ മേന്മയും ചീര ബോണ്ടയെ താരമാക്കി ❤️
No comments:
Post a Comment