കോവിഡ് പാചകപരീക്ഷണം പുരോഗമിക്കുന്നു. വൈകുന്നേരത്തെ പലഹാരം വ്യത്യസ്തമാക്കാനുള്ള പരിശ്രമം വെറുതെ ആകുന്നില്ല. ഇന്നലെ പൊട്ടിച്ചെടുത്ത വാഴകൂമ്പ് കൊണ്ടൊരു പുതുമയേറിയ ബജി.
കട്ലറ്റ് തയ്യാറാക്കീട്ടുള്ളതിനാല് അത് വിട്ടു. പയറ് ചേര്ത്ത് പ്രോട്ടീന് കൂട്ടാന്ന് തീരുമാനിച്ചു.
സ്വന്തം പാചകവിധി.
സമ്മതത്തോടെ ഇവിടൊരാളും. പിന്നെന്തിന് അമാന്തം. രണ്ടാളും കൂടി പ്രയത്നിച്ചു.
സംഭവം വിജയിച്ചു.
രുചി പരിശോധകരുടെ അഭിപ്രായം കൂടിയായപ്പോള് ധൈര്യം കൂടി.
വലിയ കൂമ്പിന്റെ ഇളക്കിവച്ചിരിക്കുന്ന പൂക്കളെ വേണ്ടി വന്നുള്ളു. പൂവിന്റെയുള്ളിലെ പാടയും സ്റ്റേമനും കളയണം. ചെറുതായരിഞ്ഞ് വെള്ളത്തിലിടുക. പയര് (cowpea) കുതിര്ത്ത് വേവിച്ച് വയ്ക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെള്ളുള്ളി, ഇവ നുറുക്കി വയ്ക്കുക.വാഴപൂ നുറുക്ക് വെള്ളം വാലാന് വയ്ക്കുക.
വറുത്ത അരിപ്പൊടി അര കപ്പ്, കായം, മഞ്ഞപൊടി, ഉപ്പ്, കറിവേപ്പില ഇവ ഒരു പാത്രത്തിലേക്കിടുക. പയര് ഉടച്ച്, വാഴപൂവും കൂടി ചേര്ത്ത് കുഴച്ച് ചെറിയ ഉരുളയെടുത്ത് പരത്തി മയം പുരട്ടിയ പേറ്റില് നിരത്തുക.
ആവശ്യത്തിന് കടലപൊടി എടുത്ത് അതിലേക്ക് രുചിക്ക് വേണ്ടി കായം, മുളക്, മഞ്ഞപൊടികള്, ഉപ്പ് ചേര്ത്ത് അധികം കട്ടിയില്ലാതെ കലക്കി വയ്കുക. വെളിച്ചെണ്ണ ചുടാക്കി, പരത്തി വച്ചിരിക്കുന്ന ബജി, മാവില് മുക്കി ഇരുപുറവും സ്വര്ണ്ണ നിറത്തില് വറുത്ത് കോരി ചുടോടെ തന്നെ വിളമ്പാം. പുറത്തെ മൊരിപ്പും ഉള്ളിലെ മൃദുത്വവും ഇതിന്റെ സവിശേഷത തന്നെ❤️
No comments:
Post a Comment